ന്യൂഡല്‍ഹി: വനിതാ സംവരണബില്‍ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കത്ത്.
വനിതാ സംവരണ ബില്‍ 2010 മാര്‍ച്ച് ഒമ്ബതിന് രാജ്യസഭ പാസാക്കിയിരുന്നുവെന്ന കാര്യം സോണിയ കത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് പലകാരണങ്ങള്‍മൂലം നീക്കം അവഗണിക്കപ്പെട്ടു. ലോക്‌സഭയില്‍ സര്‍ക്കാരിനുള്ള ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് സോണിയ കത്തില്‍ അഭ്യര്‍ത്ഥിച്ചു.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോണ്‍ഗ്രസ് എക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും തുടര്‍ന്നും പിന്തുണയുണ്ടാവുമെന്നും സോണിയ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയും മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ആയിരുന്നു.
1989 ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനുള്ള നീക്കം തടസപ്പെടുത്തിയെങ്കിലും 1993 ല്‍ ഭരണഘടനാ ഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയെന്നും സോണിയാഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വനിതാ ശാക്തീകരണ ശ്രമങ്ങളുടെ ഭാഗമായി വനിതാ സംവരണ ബില്‍ പൊടിതട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
മുത്തലാഖ് നിരോധനം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാന്മന്ത്രി ഉജ്ജ്വല്‍ യോജന, സ്ത്രീകള്‍ക്കായി സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കല്‍, റേഷന്‍ സബ്‌സിഡി ഉള്‍പ്പെടെ സ്ത്രീകളുടെ അക്കൗണ്ടിലെത്തിക്കല്‍ തുടങ്ങിയ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വനിതാ സംവരണ ബില്ലുകൂടി കൊണ്ടുവരാന്‍ നീക്കം തുടങ്ങിയെന്നായിരുന്നു വാര്‍ത്തകള്‍.
