ബ്രാഹ്മണര്‍ക്ക് മാത്രമേ ബിജെപിയില്‍ രക്ഷയുള്ളുവെന്ന് സുരേഷ് ഗോപിക്ക് മനസ്സിലായി: കോടിയേരി

ബ്രാഹ്മണര്‍ക്ക് മാത്രമേ ബിജെപിയില്‍ രക്ഷയുള്ളൂവെന്ന് നടനും എംപിയുമായ സുരേഷ് ഗോപിക്ക് ബോധ്യപ്പെട്ടുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലിനു പിന്നിലെ കാരണം ഇതാണെന്ന് അടിവരയിടുന്നുവെന്നും കോടിയേരി വ്യക്തമാക്കി. ഹിന്ദു ഏകോപനവും ഹിന്ദു ഐക്യവുമെന്ന് ആവര്‍ത്തിച്ചു പറയുന്ന ബിജെപിയുടെ എംപിക്ക് ഈ ബോധ്യമുണ്ടായെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി പറയാനുണ്ടോയെന്നും കോടിയേരി ചോദിക്കുന്നു.

പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് തന്നെന്നും അടുത്ത ജന്മത്തില്‍ തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നും കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നും താന്‍ ആഗ്രഹിക്കുന്നതായും തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇതിനു പ്രത്യക്ഷ മറുപടിയുമായി പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. തനിക്ക് ഇനി ഒരു ജന്മമുണ്ടാകുകയാണെങ്കില്‍ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നാണ് പിസി പറയുന്നത്. അങ്ങനെയാണ് താന്‍ ജനിക്കുന്നതെങ്കില്‍!, ഒരു സംശയവും വേണ്ട, ദളിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്ന കാര്യം ആളുകളെ പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *