പട്‌ന: അഴിമതി കേസില്‍ ആരോപണ വിധേയനായ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് സി.ബി.ഐയ്ക്ക് മുമ്ബാകെ ഹാജരായില്ല. ചോദ്യം ചെയ്യലിനായി ഇന്നലെയായിരുന്നു ലാലു ഹാജരാകേണ്ടിയിരുന്നത്. വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നാണ് ലാലുവിന്റെ ആവശ്യം.
2004 മുതല്‍ 2009 വരെ ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്റെ രണ്ട് ഹോട്ടലുകള്‍ നടത്തുന്നതിനുള്ള കരാര്‍ സ്വകാര്യ കമ്ബനിക്ക് നല്‍കിയെന്നും അതിന് പ്രത്യുപകാരമായി ഭൂമി സ്വന്തമാക്കിയെന്നുമാണ് കേസ്. ഇത് രണ്ടാം തവണയാണ് സി.ബി.ഐ ലാലു പ്രസാദിനെ വിളിപ്പിക്കുന്നത്. നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകനെ അയച്ച ലാലു അസൗകര്യം ചൂണ്ടിക്കാട്ടുകയായിരുന്നു. അപേക്ഷ പരിഗണിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സി.ബി.ഐ അറിയിച്ചു.
ലാലുവിന്റെ മകനും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും സി.ബി.ഐ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തേജസ്വിയുടെ കാര്യത്തില്‍ അഭിഭാഷകന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ മാസം 11നും 12നും ഹാജരാകാനാണ് ലാലുവിനും തേജസ്വിക്കും നോട്ടീസ് നല്‍കിയിരുന്നു.
