കെ.കെ.പൂക്കോയ തങ്ങള്‍ സ്മാരക സേവന പുരസ്‌കാരം ഡോ. പുത്തൂര്‍ റഹ്മാന്

മലപ്പുറം:  ജില്ലയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന് ഊരകം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ഏര്‍പ്പെടുത്തിയ കെ.കെ.പൂക്കോയ തങ്ങള്‍ സ്മാരക സേവന പുരസ്‌കാരത്തിന് യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ. പുത്തൂര്‍ റഹ്മാനെ തിരഞ്ഞെടുത്തു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഫെബ്രുവരി 22ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കാരാതോട് വെച്ച് നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമ്മാനിക്കും. വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും.  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.പി.സൈതലവി അടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടത്തത്.
ഒന്നര പതിറ്റാണ്ട്  ഊരകം ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡണ്ടും മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡണ്ടും സംസ്ഥാന കൗണ്‍സിര്‍ അംഗവുമായിരുന്നു കെ.കെ.പൂക്കോയ തങ്ങള്‍. പൂക്കോയ തങ്ങളുടെ ആദര്‍ശരാഷ്ട്രീയം പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പ്രവാസികള്‍ക്കിടയില്‍ സാമൂഹ്യ സേവനത്തിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ.പുത്തൂര്‍ റഹ്മാന്‍ നിലവില്‍ യു.എ.ഇ കെ.എം.സി.സി നാഷ്ണല്‍ കമ്മറ്റി പ്രസിഡണ്ടാണ്.

പ്രവാസി സമൂഹത്തിന് സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാനായി നിരവധി പ്രക്ഷോഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. പ്രവാസി വോട്ടവകാശം നേടിയെടുക്കാനും പ്രവാസികളോട് എയര്‍ ഇന്ത്യയുടെ അവഗണനക്കെതിരെയും കോഴിക്കോട്-കൊച്ചി എയര്‍പോര്‍ട്ടില്‍ മൃതദേഹങ്ങള്‍ സൗജന്യനിരക്കില്‍ നാട്ടിലെത്തിക്കാനും പ്രവാസികളുടെ പെന്‍ഷന്‍, പൊതുമാപ്പ് കാലയളവില്‍ വിവിധ സേവനങ്ങള്‍, പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, കോഴിക്കോട്, തിരൂര്‍, മഞ്ചേരി സി.എച്ച്.സെന്ററുകളില്‍ സൗജന്യ ഡയാലിസിസ് സൗകര്യം എന്നിവയില്‍ സജീവ സാന്നിദ്ധ്യമായിട്ടുണ്ട്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്ന് വന്ന പുത്തൂര്‍ റഹ്മാന്‍ ഫുജൈറ കെ.എം.സി.സി പ്രസിഡണ്ട്, കോട്ടക്കല്‍ ഇസ്ലാഹിയ്യ ചിരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍, അരീക്കോട് നാഷ്ണല്‍ എജ്യുക്കേഷന്‍ ചാരിറ്റബിള്‍ ട്രസറ്റ് ഡയറക്ടര്‍, തൃശൂര്‍ കൈപ്പമംഗലം ഹിറ എജ്യുകേഷണല്‍ ട്രസ്റ്റ് മുഖ്യ രക്ഷാധികാരി, മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഗവേണിങ് ബോഡി മുഖ്യരക്ഷാധികാരി, ഓവര്‍സീസ് ട്രേഡിംഗ് പ്രതിനിധി എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ പുത്തൂരാണ് സ്വദേശം. കുവൈത്ത്, ഖത്തര്‍, ബഹറൈന്‍, സഊദി, എന്നീ രാജ്യങ്ങളില്‍ നടന്ന വിവിധ ഇസ്ലാമിക സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2002-ല്‍ തിരുവനന്തപുരം സഹൃദയ വേദിയുടെ 2005-ല്‍ യു.എ.ഇ-ലെ ഏറ്റവും നല്ല സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.

2012-ല്‍ അസ്ലം അവാര്‍ഡ്, 2013-ലെ ദര്‍ശന ടി.വി.അവാര്‍ഡ്, 2014 മീഡിയവണ്‍ അവാര്‍ഡ്, മലയാളത്തിലെയും ഇംഗ്ലീഷിലെയും ആനുകാലികങ്ങളിലെ സ്ഥിരം ലേഖകനുമാണ്. ഇപ്പോള്‍ ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാനേജരായി സേവനം അനുഷ്ടിക്കുന്നു. ഫ്‌ളോറിഡയിലെ ഗ്ലോബല്‍ ഇന്റര്‍നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇസ്ലാമിക ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സി.പി.സൈതലവി, കെ.കെ.അലിഅക്ബര്‍ തങ്ങള്‍, പി.കെ.അസ്‌ലു, എം.കെ.അബ്ദുല്‍ മജീദ്, എന്‍.ഉബൈദ് മാസ്റ്റര്‍, സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *