വയോധികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളും കാമുകനും അറസ്റ്റില്‍

നെടുമങ്ങാട്: വയോധികയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളും കാമുകനും അറസ്റ്റില്‍. ചുള്ളിമാനൂര്‍ ആറാംപള്ളി കോട്ടപ്പറമ്ബ് തടത്തരികത്തു വീട്ടില്‍ കൃഷ്ണന്‍ നാടാരുടെ ഭാര്യ റസി എന്ന റജീനയെ(64) വീട്ടില്‍വച്ചു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇതേ വീട്ടില്‍ താമസിക്കുന്ന റജീനയുടെ മകള്‍ അനിത(43), മകളുടെ കാമുകന്‍ ഹരി എന്ന ശ്രീകുമാര്‍ (47) എന്നിവര്‍ അറസ്റ്റിലായത്. നെടുമങ്ങാട് സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

തന്റെ വീട്ടില്‍ കാമുകനുമൊത്തു താമസിക്കുന്നതിനെ ചൊല്ലി റജീന മകളുമായി നിരന്തരം വഴക്കിട്ടിരുന്നതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് റജീനയെ വീട്ടില്‍നിന്ന് ഇറക്കിവിടുമെന്നു പറഞ്ഞു മകളും കാമുകനും ഭീഷണിപ്പടുത്തുകയും, ആഹാരം നല്‍കാതെയും മറ്റും പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പോലീസ് പറയുന്നു.

എന്നാല്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ റജീന കൂട്ടാക്കിയില്ല. ഇതിന്റെ വിരോധത്തിലാണു പ്രതികള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കു റജീനയുടെ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയതെന്ന് പോലീസ് പറയുന്നു. സംഭവം സംബന്ധിച്ചു വലിയമല പോലീസ് കേസെടുത്തിരുന്നു.

തുടര്‍ന്നു സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ വലിയമല എസ് ഐ അജേഷ്, ഗ്രേഡ് എസ് ഐ ധരണീധരന്‍, പോലീസുകാരായ ഷാജി, ദീപു, വനിത പോലീസ് ഉദ്യോഗസ്ഥ മഹേശ്വരി എന്നിവരടങ്ങുന്ന സംഘം കേസ് അന്വേഷിച്ചു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *