തീവ്രവാദികളെ മുസ് ലിമെന്നോ ക്രിസ്ത്യാനിയെന്നോ വിളിക്കരുത് ദലൈലാമ

ഇംഫാല്‍ : ലോകത്ത് മുസ്ലിം തീവ്രവാദി, ക്രിസ്ത്യന്‍ തീവ്രവാദി എന്നില്ലെന്നും തീവ്രവാദത്തിന് മതമില്ലെന്നും ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമ. മനുഷ്യര്‍ ഭീകരവാദത്തെ ആശ്‌ളേഷിച്ചാല്‍ പിന്നെ മതത്തിന് ഒന്നും ചെയ്യാനില്ലെന്നും ഇംഫാലിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തോട് തനിക്ക് എതിര്‍പ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമം ഒരു പ്രശ്‌നവും പരിഹരിക്കില്ല. അഹിംസ എന്നത് ഇന്ത്യയുടെ ചരിത്രത്തിന്റെയും പാരമ്ബര്യത്തിന്റെയും ഭാഗമാണെന്നും ആയിരം വര്‍ഷം പഴക്കമുള്ള ഈ അറിവ് കൊണ്ട് ലോകസമാധാനം നിലനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവനെന്നും പണക്കാരനെന്നുമുള്ള വേര്‍തിരിവ് കൂടിവരികയാണ്. മണിപ്പൂരിലും ഇത് പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 58 വര്‍ഷം മുന്‍പ് അഭയാര്‍ഥിയായി ഇന്ത്യയിലെത്തിയതിനെക്കുറിച്ചും ദലൈലാമ ഓര്‍മകള്‍ പങ്കുവെച്ചു. ഒരു ലക്ഷത്തോളം വരുന്ന ടിബറ്റുകാരുടെ മറ്റൊരു വീടാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *