ദേവസ്വം ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കുമ്മനം കത്തു നല്‍കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണകാലാവധി രണ്ട് വര്‍ഷമാക്കി കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ പി.സദാശിവത്തിന് കത്തയച്ചു.

ഈ മാസം 15ന് ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ പുതിയ ബോര്‍ഡിനെ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കംമൂന്ന് കോടിയിലധികം വരുന്ന ശബരിമല തീര്‍ത്ഥാടകരോട് ചെയ്യുന്ന അനീതിയാണ്. പുതിയ ബോര്‍ഡിന് ഭക്തരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി തിരുമാനമെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്നാവശ്യപ്പെട്ടാണ് കുമ്മനത്തിന്റെ കത്ത്.

ഇന്നു രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. 1950 ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഇതോടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലവിലെ ഭരണ സമിതിക്ക് സ്ഥാനം ഒഴിയേണ്ടി വരും.

തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റേയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *