നിര്‍മല സീതാരാമനൊപ്പമെത്തിയ കടകംപള്ളി മന്ത്രിമാര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധം

തിരുവനന്തപുരം: മന്ത്രിമാരെ തീരദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാര്‍. ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരെ പൂന്തുറയില്‍ പ്രതിഷേധവുമായി നാട്ടുക്കാര്‍ എത്തിയത്. മന്ത്രിമാര്‍ ഉടന്‍തന്നെ മടങ്ങണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ആരോപിച്ച് ഉച്ചക്കടയിലും മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. യുവാക്കളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധ സമരത്തിനിറങ്ങി.ഇത്രയും വലിയ പ്രശ്‌നങ്ങളുണ്ടായിട്ടും മന്ത്രിമാര്‍ സന്ദര്‍ശനം നടത്താന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം.
ഇന്നു രാവിലെയാണ് ദുരന്തം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്. കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മറ്റു തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

അതിനിടെ, നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *