ദിനകരന്റെ വിജയം ജനാധിപത്യത്തിന് അപമാനകരം:കമലഹാസന്‍

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം ടി.ടി.വി.ദിനകരന്‍ വിലകൊടുത്ത് വാങ്ങിയതെന്ന് നടന്‍ കമലഹാസന്‍. ദിനകരന്റെ വിജയം ജനാധിപത്യത്തിനു തന്നെ അപമാനകരമാണെന്നും ഉലകനായകന്‍ പറഞ്ഞു. തമിഴ് മാസികയായ ആനന്ദ വികടിലാണ് കമല്‍ ദിനകരനെതിരെ തുറന്നടിച്ചത്.

ഒരു വോട്ടിന് 6000 എന്ന നിലയ്ക്കാണ് ആര്‍.കെ നഗറില്‍ വോട്ട് കച്ചവടം നടന്നത്. ജയലളിതയുടെ പിന്മാഗിയായി അവകാശപ്പെട്ട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാള്‍ സ്വന്തം കുഴി തോണ്ടുകയാണെന്നും ദിനകരന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ കമല്‍ വിമര്‍ശിച്ചു. ആര്‍.കെ നഗര്‍ തിരഞ്ഞെടുപ്പ് ഫലം ഇലക്ഷന്‍ കമ്മിഷന്‍ റദ്ദാക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല മന്നാര്‍ഗുഡി മാഫിയയ്‌ക്കെതിരെ കമല്‍ രംഗത്തു വരുന്നത്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് വി.കെ ശശികല മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അതിശക്തമായാണ് അതിനെ താരം എതിര്‍ത്തത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബാണ് തന്റെ രാഷ്ട്രീയ പ്രവേശനം കമല്‍ പ്രഖ്യാപിച്ചത്. ഇതിന് അനുബന്ധമായി ജനങ്ങളോട് സംവദിക്കാന്‍ മൊബൈല്‍ ആപും താരം പുറത്തിറക്കിയിരുന്നു. സൂപ്പര്‍താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തെയും കമല്‍ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *