പത്തനംതിട്ട: ജില്ലയിലെ സ്കൂളുകളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം ശക്തിപ്പെടുത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സമിതി യോഗം ചേരണമെന്നും തീരുമാനമായി. സ്കൂളുകളില്‍ ബോധവത്ക്കരണം സംഘടിപ്പിക്കുമ്പോള്‍ പഞ്ചായത്ത് പ്രതിനിധികളെക്കൂടി അറിയിക്കണം. പോലീസും എക്സൈസും സംയുക്ത പരിശോധന നടത്തണം. ചെറുകോല്‍പ്പുഴ, മഞ്ഞനിക്കര, മാരാമണ്‍ തീര്‍ഥാടന വേളകളില്‍ പരിശോധന ശക്തമാക്കണം. കൊടുമണ്‍, തണ്ണിത്തോട്, മലയാലപ്പുഴ, റാന്നി മേഖലകളില്‍ പരിശോധന വ്യാപിപ്പിക്കണം. അടുത്ത അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ലബുകള്‍ കൂടുതല്‍ സജീവമാക്കണമെന്ന് നിര്‍ദേശമുണ്ടായി. അംഗങ്ങള്‍ക്കു പുറമെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
