കൊച്ചി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)ക്ക് പുതിയ സംസ്ഥാന പ്രസിഡന്റ് ഉടനെയുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന് മാസ്റ്റര്‍. എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെ തുടര്‍ന്ന്, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന മുതിര്‍ന്ന നേതാവ് ടിപി പീതാംബരന് താല്‍ക്കാലികമായി പ്രസിഡന്റിന്റെ ചുമതല നല്‍കുകയായിരുന്നു.
പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നേരത്തമുതല്‍ തോമസ് ചാണ്ടി – ശശീന്ദ്രന് ഗ്രൂപ്പുകള്‍ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അധികാരതര്‍ക്കത്തിന്റെ ഭാഗമാണിത്. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താനില്ലന്നും പുതിയ പ്രസഡന്റിനെ ഉടനെ പാര്‍ട്ടി നിയമിക്കുമന്നും പീതാംബരന് മാസ്റ്റര്‍ അറിയിച്ചു.
ഇന്നലെ നടക്കാനിരുന്ന എന്‍സിപി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവച്ചുകൊണ്ട് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞദിവസം സംസ്ഥാന നേതൃത്വിന് കത്ത് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവച്ചതിന്റെ കാരണം കത്തില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും സംസ്ഥാനത്തെ നേതൃത്വത്തിലെ ഭിന്നതയാണ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിന് കാരണമെന്ന് വ്യക്തമാണ്.
മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്ന തോമസ് ചാണ്ടി പാര്‍ട്ടി സംസ്ഥാന ഘടത്തിന്റെ അധ്യക്ഷസ്ഥാനത്തേക്ക് ചരട് വലി നടത്തുന്നുണ്ട്. ഇതിനോട് എകെ ശശീന്ദ്രന് പക്ഷം യോജിക്കുന്നില്ല. ടിപി പീതാംബരന് പ്രസിഡന്റായി തുടരുന്നതിനോടും സംസ്ഥാന നേതൃത്വത്തിലെ പ്രബലവിഭാഗത്തിന് വിയോജിപ്പുണ്ട്.
