തിരുവനന്തപുരം: പിഎസ്‌സി വഴി നിഗമനം നടത്തുന്നതിനുള്ള സ്‌പെഷ്യല്‍ റൂള്‍ സമയബന്ധിതമായി രൂപീകരിക്കാനും നിലവിലുള്ളവയില്‍ ആവശ്യമായ ഭേദഗതി വരുത്താനും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടി വി രാജേഷ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുനല്‍കിയ വിവിധ കമ്ബനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ പി.എസ്.സി വഴി നിയമനം നടത്തുന്നതിനാവശ്യമായ സ്‌പെഷ്യല്‍ റൂള്‍സ് എത്രയും വേഗം രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്ക് 2014ല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ റൂള്‍സ് സമയബന്ധിതമായി രൂപീകരിച്ച് ഒഴിവുകള്‍ യഥാസമയം പി.എസ്.സി യെ അറിയിക്കുവാനും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
