ന്യൂഡല്‍ഹി: ഇരട്ടപദവി വഹിച്ചെന്ന ആരോപണമുന്നയിച്ച് ആം ആദ്മി പാര്‍ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ നടപടി ദില്ലി ഹൈക്കോടതി റദ്ദാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി ഇരട്ടപദവി വിവാദത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു.എംഎല്‍എമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ സമയം ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആഘോഷത്തോടെയാണ് ആം ആദ്മി പ്രവര്‍ത്തകര്‍ കോടതി വിധിയെ വരവേറ്റത്.സത്യം ജയിച്ചുവെന്നും കോടതിയില്‍നിന്ന് നീതി ലഭിച്ചുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ജനുവരി 19നാണ് ഇരട്ടപ്പദവി ആരോപണത്തില്‍ 20 എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യരാക്കിയത്. തുടര്‍ന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദും തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി അംഗീകരിച്ചു.2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടു വരെ 20 എഎപി എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചതാണ് അയോഗ്യതക്ക് കാരണം.
