പാതി ഇന്ത്യക്കാരനായത് പോലെ തോന്നുവെന്ന് സുഡാനി: വിജയാരവങ്ങള്‍ക്കിടെ നാട്ടിലേക്ക് മടങ്ങി താരം

മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന് റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ വന്‍ സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നല്‍കിയിരുന്നത്. സൗബിന്‍ ഷാഹിറും നൈജീരിയന്‍ താരം സാമുവല്‍ അബിയോള എന്നിവരാണ് ചിത്രത്തിലാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ കളിക്കാനെത്തുന്ന സുഡാനിയായാണ് സാമുവല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. സുഡാനിയുടെ മാനേജര്‍ മജീദായി സൗബിന്‍ ഷാഹിറും ചിത്രത്തില്‍ എത്തുന്നു. മലപ്പുറത്തുകാരുടെ ഫുട്‌ബോളിനോടുളള സ്‌നേഹവും മറ്റും ഈ ചിത്രത്തില്‍ മികവുറ്റ രീതിയിലാണ് കാണിച്ചിരിക്കുന്നത്. തിയ്യേറ്റര്‍ കളക്ഷന്റെ കാര്യത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളെയും പിന്തളളിയാണ് സുഡാനി ഫ്രം നൈജീരിയ കുതിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത അധിക തിയ്യേറ്ററുകളിലും ഹൗസ്ഫുള്‍ ബോര്‍ഡുകളോടെയാണ് സുഡാനി ഫ്രം നൈജീരിയ പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ച്ച് 23നായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്.100 തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ വന്‍ വരവേല്‍പ്പാണ് സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ചിത്രത്തില്‍ സുഡാനിയായി എത്തിയ സാമുവലിനെ കേരളത്തിലെ പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയിരുന്നു.

സൗബിന്‍ ഷാഹിറിനെ പോലെ സാമുവലിന്റെ പ്രകടനവും ചിത്രത്തില്‍ മികച്ചു നിന്നുവെന്നു ചിത്രം കണ്ട പ്രേക്ഷകരെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായമിട്ടിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ വിജയാരവങ്ങള്‍ക്കിടെ ജന്മനാട്ടിലേക്ക് മടങ്ങിയരിക്കുകയാണ് കേരളത്തിന്റെ സ്വന്തം സുഡാനി. സാമുവല്‍ എബിയോള നാട്ടിലേക്കു മടങ്ങുന്നതിന് മുന്‍പായി തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു പോസ്റ്റിട്ടിരുന്നു.

സാമുവലിന്റെ പോസ്റ്റ് താരത്തിന്റെ ആരാധകരെല്ലാം എറ്റെടുത്തിരിക്കുകയാണ്. താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും എന്റെ പ്രാണന്റെ പകുതി ഇവിടെ വിട്ടാണ് പോകുന്നതെന്നും സാമുവല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ഇപ്പോള്‍ ഞാന്‍ പകുതി ഇന്ത്യക്കാരനായതു പോലെ തോന്നുവെന്നും താന്‍ ഉടനെ തന്നെ ഇവിടേക്ക് തിരിച്ചുവരുമെന്നും താരം തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *