കേരളത്തിലെ നിരത്തുകളില്‍ നിന്നും ഐഒസി ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പിന്‍വലിച്ചു തുടങ്ങി

കൊച്ചി : കേരളത്തിലെ നിരത്തുകളില്‍ നിന്നും ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ പിന്‍വലിച്ചു തുടങ്ങി. കനത്ത അപകട സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. കൊച്ചി സേലം പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ടാങ്കറുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്നാണ് ഐഒസി അധികൃതര്‍ പറയുന്നത്.

ഐഒസിയുടെ ഉദയംപേരൂര്‍ പ്ലാന്റിനെയും കൊച്ചി റിഫൈനറിയെയും ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈനിലൂടെ വാതക നീക്കം ആരംഭിച്ച പദ്ധതിയാണ് ഇത്. ഐഒസിയുടെ ഉദയംപേരൂര്‍ പ്ലാന്റിനെയും കൊച്ചി റിഫൈനറിയേയും ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈനിലൂടെ വാതകനീക്കം ആരംഭിച്ചതോടെ 50 ബുള്ളറ്റ് ടാങ്കറുകള്‍ ഇതുവരെ പിന്‍വലിച്ചതായി ഐഒസി അധികൃതര്‍ അറിയിച്ചു.

എല്‍പിജി പൈപ്പ്‌ലൈന്‍ പദ്ധതി 458 കിലോ മീറ്ററാണ്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് കൊച്ചി റിഫൈനറിയേയും ഉദയംപേരൂര്‍ പ്ലാന്റിനെയും ബന്ധിപ്പിക്കുന്ന പൈപ്പ്‌ലൈന്‍ 62 കോടി ചെലവില്‍ നിര്‍മ്മിക്കുന്നത്. മൗണ്ടഡ് സ്‌റ്റോറേജ് എന്ന സംവിധാനമാണ് എല്‍പിജി സംഭരണത്തിനായി ഉദയംപേരൂരില്‍ ഒരുക്കിയിട്ടുള്ളത്. മണ്ണുകൊണ്ട് ആവരണം ചെയ്തുള്ള ടാങ്കുകളായതിനാല്‍ എല്‍പിജി ചൂടായി കഴിഞ്ഞാലുണ്ടാകുന്ന അപകടസാധ്യതയെയും ഒഴിവാക്കാനാകും. മറ്റ് സംവിധാനങ്ങളേക്കാള്‍ എന്തുകൊണ്ടും സുരക്ഷിതമാണെന്നാണ് ഐഒസി അവകാശപ്പെടുന്നത്.
25 മീറ്റര്‍ ആഴത്തില്‍ സ്ഥാപിച്ച 390 കോണ്‍ക്രീറ്റ് തൂണുകളിലാണ് സംഭരണികള്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ട് മീറ്റര്‍ കനത്തില്‍ മണല്‍ കവചമുണ്ട്. 1200 ടണ്‍ ശേഷിയുള്ള മൂന്ന് സിലിര്‍ ടാങ്കുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതേസംവിധാനമാണ് പുതുവൈപ്പിലും ഐഒസി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *