വ്യാജവാര്‍ത്ത നല്‍കിയാല്‍ പണികിട്ടും…! മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലി വാര്‍ത്താ വിനിമയ മന്ത്രാലയം ഭേദഗതി ചെയ്തു.

മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് പരാതി ഉയര്‍ന്നാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക. പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് പരാതി സര്‍ക്കാര്‍ കൈമാറി ഉപദേശം തേടും.15 ദിവസത്തിനുള്ളില്‍ പരാതി പരിശാധിച്ച്‌ വാര്‍ത്തകള്‍ വ്യാജമാണോ അല്ലയോ എന്ന് ഈ രണ്ട് ഏജന്‍സികള്‍ തീരുമാനമെടുക്കും.

ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പിന്നീടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും വാര്‍ത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *