നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍, പരിഗണിക്കാനുള്ളത് 36 ബില്ലുകള്‍

തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാകുന്ന 17 ഒാര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണ ബില്ലുകള്‍ അവതരിപ്പിക്കാനായി നിയമസഭയുടെ 12 ദിവസത്തെ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. 21ന് സമാപിക്കും. പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമത്തിലെ രണ്ട് ഭേദഗതി ബില്ലുകള്‍, ശങ്കാരചാര്യ സംസ്കൃതസര്‍വകലാശാല, കേരള സര്‍വകലാശാലയുടെ സെനറ്റ് സിന്‍ഡിക്കേറ്റ് എന്നിവയ്ക്ക് താല്‍ക്കാലിക ബദല്‍, കേരള സര്‍വകലാശാല നിയമഭേദഗതി എന്നിവ ഉള്‍പ്പെടെ ആറ് ബില്ലുകള്‍ ആദ്യ രണ്ട് ദിവസം തന്നെ സഭ പരിഗണിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാക്കി ബില്ലുകള്‍ പി.എ.സി.യുടെ തീരുമാനമനുസരിച്ചായിരിക്കും അവതരിപ്പിക്കുക.17 ബില്ലുകള്‍ക്ക് പുറമെ സഭയില്‍ പുതുതായി 19 ഓളം ബില്ലുകളും അവതരിപ്പിക്കേണ്ടതുണ്ട്. ഭരണപ്രതിപക്ഷ കക്ഷികള്‍ സഹകരിക്കുകയാണെങ്കില്‍ സമ്മേളനകാലാവധി ദീര്‍ഘിപ്പിച്ചേക്കും.

ഇതുവരെ 125 ദിവസമാണ് സഭ ചേര്‍ന്നത്.ഇത് രാജ്യത്ത് റെക്കോഡാണ്. ഭരണ സുതാര്യതയാണിത് കാണിക്കുന്നതെന്നും പ്രതിപക്ഷ സഹകരണം കൊണ്ടാണിതിന് കഴിഞ്ഞതെന്നും സ്പീക്കര്‍ പറഞ്ഞു. റംസാന്‍ പ്രമാണിച്ച്‌ 14,15 തീയതികളില്‍ സഭ ചേരില്ല, 13 ന് ബഡ്ജറ്റ് ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. സുവര്‍ണ ജൂബിലി പ്രമാണിച്ച്‌ ഫെസ്റ്റിവല്‍ ഒഫ് ഡെമോക്രസിയെന്ന പേരില്‍ ആറുമാസത്തെ ആഘോഷ പരിപാടികള്‍ക്ക് ജൂലായില്‍ തുടക്കമിടും.

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യും
ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച സജിചെറിയാന്‍ തിങ്കളാഴ്ച രാവിലെ 9.30 ന് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *