കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
തുടര്‍ച്ചയായി മഴ ലഭിച്ചാല്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയരുവാന് സാധ്യതയുള്ളതിനാല്‍ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുതെന്ന ജാഗ്രതാ നിര്‍ദേശം നല്കി. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസിനു നിര്‍ദേശം നല്കി. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ നടപടിയെടുക്കാന്‍ ഡിടിപിസിക്കു നിര്‍ദേശം നല്കി.
