കോഴിക്കോട്ട് നിപ്പ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വര്‍ണമെഡലും ഇന്‍ക്രിമെന്റും. നിപ്പ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
നാല് അസിസ്റ്റന്റ് പ്രൊഫസര്മാക്കും 19 സ്റ്റാഫ് നഴ്സുമാര്‍ക്കും ഏഴ് നഴ്സിംഗ് അസിസ്റ്റന്റുമാര്‍ക്കും 17 ക്ലീനിംഗ് സ്റ്റാഫുകള്‍ക്കും നാല് ഹോസ്പിറ്റല്‍ അറ്റന്റര്മാക്കും രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും ഉള്‍പ്പെടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിക്കുന്നത്. ഇതിനുപുറമേ 12 ജൂനിയര്‍ റസിഡന്റുമാര്‍ക്കും മൂന്ന് സീനിയര്‍ റസിഡന്റ്മാര്ക്കും ഒരോ പവന്റെ സ്വര്‍ണമെഡല്‍ നല്കി ആദരിക്കും.
നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നഴ്സ് ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
