വെള്ളം കുടിച്ച്‌ ജിഎന്‍പിസി; അഡ്‌മിനെതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയുടെ അഡ്മിന്‍ നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാറിനെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

എല്ലാ വിമാനത്താവളത്തിലും അജിത് കുമാറിനെതിരെ ലുക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നേമം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ഗ്രൂപ്പ് ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത്. എക്സൈസ് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഗ്രൂപ്പിനെതിരായി അന്വേഷണം നടക്കുന്നത്.

ഗ്രൂപ്പിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് എക്സൈസ് പൊലീസിനു കൈമാറിയിരുന്നു. അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗ്രൂപ്പ് അഡ്‌മിന്മായ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെയാ‍ണ് നടപടികളുണ്ടാകുക. ഗ്രൂപ്പിലെ അംഗങ്ങളും 36 അഡ്മിന്‍മാരും നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ കണ്ടെത്തുന്നതിന് എക്‌സൈസ് വകുപ്പ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *