സമൂഹമാധ്യമങ്ങളില്‍ അക്രമത്തിനിരയായ ഹനാന് വിജയാശംസകളുമായി ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ആലംബമില്ലാത്ത ഒരു പെണ്‍കുട്ടിയല്ല അവള്‍. ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച, ആവോളം തന്റേടമുള്ളൊരു മിടുമിടുക്കിയാണ് ഹനാന്‍ എന്ന് അദ്ദേഹം പറഞ്ഞു. കേരളം ഒരു മനസോടെ അവളെ പിന്തുണയ്ക്കണം. അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ദുഷ്പ്രചരണങ്ങളുമൊക്കെ അവളെ കൂടുതല്‍ കരുത്തയാക്കുകയേ ഉള്ളൂ. ഓരോ തിക്താനുഭവവും മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടമാകട്ടെ എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒന്നാന്തരമൊരു സംരംഭകയ്ക്കു വേണ്ട ഗുണങ്ങളെല്ലാം ഹനാന്‍ എന്ന കൊച്ചുമിടുക്കിയ്ക്കുണ്ട്. സിനിമാമോഹം, ആങ്കറിംഗ്, പാചകം, കച്ചവടം എന്നിങ്ങനെ ഹനാന്‍ കൈവെയ്ക്കാത്ത മേഖലകളില്ല. ആലുവ മണപ്പുറം ഫെസ്റ്റിലെ ചെറുകിട കര്‍ഷകരുടെ സ്റ്റാളിലേയ്ക്കുള്ള രംഗപ്രവേശം മുതല്‍ മീന്‍ കച്ചവടത്തിന്റെ കാര്യത്തില്‍വരെ, ഇടിച്ചുകയറി സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്ന തന്റേടിയായൊരു സംരംഭകയുടെ ചുറുചുറുക്ക് ദൃശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഒന്നാന്തരമൊരു സംരംഭകയ്ക്കു വേണ്ട ഗുണങ്ങളെല്ലാം ഹനാന്‍ എന്ന കൊച്ചുമിടുക്കിയ്ക്കുണ്ട്. സിനിമാമോഹം, ആങ്കറിംഗ്, പാചകം, കച്ചവടം എന്നിങ്ങനെ ഹനാന്‍ കൈവെയ്ക്കാത്ത മേഖലകളില്ല. ആലുവ മണപ്പുറം ഫെസ്റ്റിലെ ചെറുകിട കര്‍ഷകരുടെ സ്റ്റാളിലേയ്ക്കുള്ള രംഗപ്രവേശം മുതല്‍ മീന്‍ കച്ചവടത്തിന്റെ കാര്യത്തില്‍വരെ, ഇടിച്ചുകയറി സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്ന തന്റേടിയായൊരു സംരംഭകയുടെ ചുറുചുറുക്ക് ദൃശ്യമാണ്.
കപ്പയും പായസവും പലഹാരങ്ങളുമൊക്കെയായി മണപ്പുറം ഫെസ്റ്റിലെത്തുമ്ബോള്‍ ഇതെവിടെ വെച്ച് വില്‍ക്കുമെന്നൊന്നും അറിയുമായിരുന്നില്ല. കുലുക്കി സര്‍ബത്ത് വില്‍ക്കുന്ന സ്റ്റാളിന്റെ ഒരു ഭാഗം സംഘടിപ്പിച്ച് രണ്ടായിരം രൂപയ്ക്ക് കച്ചവടവും ചെയ്തേ ഹനാന്‍ അവിടുന്നു പിരിഞ്ഞുള്ളൂ.
മീന്‍കച്ചവടത്തിനിറങ്ങിയപ്പോള്‍ നടത്തിയ മുന്നൊരുക്കത്തെക്കുറിച്ചു കേള്‍ക്കുമ്ബോള്‍ ആ കൈയൊന്നു പിടിച്ചു കുലുക്കി, മിടുക്കിയെന്ന് ആരും പറഞ്ഞുപോകും. വലക്കാരോടും വള്ളക്കാരോടുമൊപ്പം മീന്‍ കച്ചവടം നടത്തിയതും അതിനിടയ്ക്ക് അമാന്യമായി പെരുമാറിയൊരു ചേട്ടനെ നൈസായി ഒഴിവാക്കിയതുമൊക്കെ എത്ര രസമായാണ് ആ കുട്ടി വിവരിക്കുന്നത്.
ആലംബമില്ലാത്ത ഒരു പെണ്‍കുട്ടിയല്ല അവള്‍. ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച, ആവോളം തന്റേടമുള്ളൊരു മിടുമിടുക്കി.
കേരളം ഒരു മനസോടെ അവളെ പിന്തുണയ്ക്കണം. സത്യം അറിയാതെ അവളെ കുറ്റം പറഞ്ഞവര്‍, തെറ്റുതിരുത്തുന്ന കാഴ്ചയും സോഷ്യല്‍ മീഡിയയില്‍ കണ്ടു. അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളും ദുഷ്പ്രചരണങ്ങളുമൊക്കെ അവളെ കൂടുതല്‍ കരുത്തയാക്കുകയേ ഉള്ളൂ. ഓരോ തിക്താനുഭവവും മുന്നോട്ടു കുതിക്കാനുള്ള ഊര്‍ജത്തിന്റെ ഉറവിടമാകട്ടെ.
ഹനാന് എല്ലാ വിജയാശംസകളും. ധൈര്യമായി മുന്നോട്ടു പോവുക. കേരളം ഒപ്പമുണ്ട്..
