റോം: ഇറ്റലിയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 35 ആയി. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ഇറ്റലിയിലെ ജെനോവിലായിരുന്നു അപകടം. തകര്‍ന്നു വീണ പാലത്തില്‍നിന്ന് 29 അടിയോളം താഴ്ചയിലേക്ക് വാഹനങ്ങള്‍ പതിച്ചാണ് മരണം. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന ആശങ്കയിലാണ്.
നദിക്കും റെയില്‍ ട്രാക്കിനും കെട്ടിടങ്ങള്‍ക്കും കുറുകെയാണ് ഇറ്റലിയേയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലം കടന്നുപോകുന്നത്. ശക്തമായ മഴയില്‍ ചൊവ്വാഴ്ച രാവിലെ 11.30 ന് പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാറും ട്രക്കുകളും കുടുങ്ങിക്കിടക്കുകയാണ്.
