തിരുവനന്തപുരം: കനത്ത മഴയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ വി.എം സുധീരന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അദ്ദേഹത്തേയും കുടുംബത്തേയും മാറ്റിപാര്‍പ്പിച്ചു.
സുധീരന്റെ ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്. ബോട്ടില്‍ പുറത്തെത്തിച്ച ഇദ്ദേഹത്തെയും കുടുംബത്തെയും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്കാണ് മാറ്റിയത്. അതേസമയം, തലസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. നഗരങ്ങളില്‍ പല സ്ഥലത്തും വെള്ളം കയറിയ അവസ്ഥയിലാണ്.
‘രാവിലെ മുതല്‍ കനത്ത മഴയാണ് ഇവിടെ. ആറര മണിയായപ്പോള്‍ വീടിന്റെ മുറ്റം വരെ വെള്ളം കയറിയിട്ടുണ്ടായിരുന്നു. ഒന്‍പതര ആയപ്പോഴേയ്ക്കും വീടനകത്തെ മുറികളിലെല്ലാം വെളളം നിറഞ്ഞു. മുറികള്‍ക്കുള്ളില്‍ മുട്ടൊപ്പം വരെ വെള്ളമെത്തി. ഞാനും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. ബോട്ടിലാണ് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചേര്‍ന്നത്’ എന്ന് വി.എം. സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
