രാഹുല്‍ ഗാന്ധിക്ക് വിമാനം വാങ്ങാന്‍ സ്വന്തം വീട് വില്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പുതിയ വിമാനം വാങ്ങാന്‍ സ്വന്തം വീട് വില്‍ക്കാനൊരുങ്ങി മധ്യപ്രദേശ് പാര്‍ട്ടി നേതാവ്. രാഹുലിന് സുരക്ഷിത യാത്രയൊരുക്കാനായിട്ടാണിത്. തന്റെ വീടും കടകളും വില്‍ക്കാന്‍ പത്രപരസ്യവും നല്‍കിയതായി ഷോക് ജയ്‌സ്വാള്‍ എന്ന കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകന്‍ പറഞ്ഞു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനം തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തങ്ങളുടെ പ്രിയ നേതാവിന് സുരക്ഷിതമായ യാത്രയൊരുക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ജയ്‌സ്വാള്‍ വ്യക്തമാക്കി. വീട് വിറ്റ് കിട്ടുന്ന തുക 24 അക്ബര്‍ റോഡിലേക്ക് അയക്കുമെന്നും ജയ്‌സ്വാള്‍ പറയുന്നു.

ജനാധിപത്യവ്യവസ്ഥയ്ക്ക് ശക്തമായ പ്രതിപക്ഷം ആവശ്യമാണെന്നും ഗാന്ധി കുടുംബം രാജ്യത്തിനു വേണ്ടി മഹത്തായ ത്യാഗം അനുഷ്ഠിച്ചുവെന്നും ജയ്‌സ്വാള്‍ ചൂണ്ടിക്കാട്ടി. ഇന്ദിരയും രാജീവും ഇന്ത്യയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏപ്രിലിലാണ് കര്‍ണ്ണാടകയില്‍ വച്ച്‌ രാഹുല്‍ ഗാന്ധിയുടെ വിമാനം അപകടത്തില്‍ പെട്ടത്. ഓഗസ്റ്റ് 31ന് ഡിജിസിഎ സംഭവത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൈലറ്റുമാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *