റിയാദ് > കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് റിയാദ് കേളി കലാ സാംസ്കാരികവേദിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ ആദ്യഗഡുവായി കേളി നല്കി. കേളി മുഖ്യ രക്ഷാധികാരി കെ ആര് ഉണ്ണികൃഷ്ണന് ബുധാഴ്ച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മന്ത്രി ഇപി ജയരാജന് 30 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൂടാതെ റിയാദിലെ പ്രവാസി കൂട്ടായ്മകളുടെ പൊതുവേദിയായ എന്‍ആര്‍കെ വെല്‍ഫയര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് കേളിയുടെ വിഹിതമായി നല്‍കിയിരുന്നു.
നേരത്തെ തീരുമാനിച്ച പ്രകാരം ഒറ്റ ദിവസംകൊണ്ട് അംഗങ്ങളില്‍ നിന്നു മാത്രം സമാഹരിച്ച ഒരു ദിവസത്തെ വേതനമാണ് കേളി ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. കേളിയുടെ മുഴുവന്‍ അംഗങ്ങളും കുറഞ്ഞത് തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം കേളി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും സഹകരിക്കുന്ന റിയാദിലെ പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സഹായവും കേളിയുടെ ഒന്‍പതാമത് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി ലഭിക്കുന്നതുള്‍പ്പെടെ കൂടുതല്‍ സഹായം രണ്ടാം ഘട്ടമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് കേളി രക്ഷാധികാരിസമിതി ആക്ടിംഗ് കണ്‍വീനര്‍ കെ പി എം സാദിഖ് പറഞ്ഞു.
ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി മലപ്പുറം, കണ്ണൂര്‍, കൊല്ലം എന്നീ മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനായി ഓരോ അത്യാധുനിക ഡയാലിസിസ് മെഷീനും നല്‍കുന്നുണ്ട്. ഇതിനു പുറമെ കേരളത്തിന്റെ പുനര്‍നിര്‍മാണപ്രക്രിയയില്‍ പങ്കാളികളാകാന്‍ നിരവധി കേളി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്തിട്ടുണ്ടെന്നും സാദിഖ് പറഞ്ഞു. കൂടാതെ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ കേളി അംഗങ്ങള്‍ക്കും സഹായം നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും സാദിഖ് കൂട്ടിച്ചേര്‍ത്തു.
കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെ പി എം സാദിഖ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്ബുര്‍, പ്രസിഡന്റ് ദയാനന്ദന് ഹരിപ്പാട്, രക്ഷാധികാരിസമിതി അംഗങ്ങളായ ബിപി രാജീവന്, സതീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
