ദിലീപ് ‘അമ്മ’യില്‍ നിന്ന് രാജിവച്ചെന്ന് മോഹന്‍ലാല്‍; രാജി ചോദിച്ചുവാങ്ങിയത്; മൂന്നു നടിമാര്‍ ‘അമ്മ’യ്ക്കുള്ളില്‍ നിന്ന് സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപ് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചതായി പ്രസിഡന്റ് മോഹന്‍ലാല്‍.

കഴിഞ്ഞ പത്താം തീയതിയാണ് താന്‍ ആവശ്യപ്പെട്ട പ്രകാരം ദിലീപ് രാജിവച്ചതെന്നും രാജി താന്‍ ചോദിച്ചു വാങ്ങിയതാണെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മൂന്നു നടിമാര്‍ സംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാര്‍ എന്നു തന്നെ വിളിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ഇപ്പോള്‍ എല്ലാ വിഷയത്തിലും അമ്മയുടെ പ്രസിഡന്റ് എന്നതില്‍ നിന്നും മാധ്യമങ്ങള്‍ ഉള്‍പ്പെടെ കുറ്റക്കാരനായി കാണുന്നത് മോഹന്‍ലാല്‍ എന്ന വ്യക്തിയെ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ തനിക്ക് അതിയായി ദുഃഖമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സംഘടനയില്‍ നിന്ന് രാജി വച്ച്‌ പുറത്ത് പോയവരെ എന്തിനാണ് തിരികെ വിളിക്കുന്നത്. രാജി വച്ച നടിയാണെങ്കിലും രാജി വച്ചവര്‍ക്ക് പ്രത്യേക പരിഗണനയൊന്നും ഇല്ല. രാജി വച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ തരണം.’- മോഹന്‍ലാല്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *