ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു തന്ത്രി ശബരിമല നട അടച്ചിടുമെന്നു പറഞ്ഞത്; കണ്ഠര് രാജീവരര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു തന്ത്രി ശബരിമല നട അടച്ചിടുമെന്നു പറഞ്ഞതെന്ന് മന്ത്രി ജി സുധാകരന്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്ത്രി കണ്ഠര് രാജീവരര്‍ക്കെതിരെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം.

തന്ത്രിയുടെ നിലപാട് കേരളം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ മന്ത്രി ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണു ശബരിമലയിലുണ്ടായതെന്നും അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ പോയാല്‍ മതി. ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചുപോയതു നിരാശാജനകമെന്നും സുധാകരന്‍ പറഞ്ഞു.

സന്നിധാനത്തു യുവതികള്‍ എത്തിയാല്‍ നട അടച്ചു നാട്ടിലേക്കു പോകുമെന്നു തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാവിലെ വലിയ നടപ്പന്തലില്‍ ഇരുമുടിക്കെട്ടുമായി വന്ന തിരുച്ചിറപ്പള്ളി സ്വദേശി ലതയുടെ പ്രായം സംബന്ധിച്ച സംശയത്തെത്തുടര്‍ന്നു ഭക്തര്‍ പ്രതിഷേധിച്ചു. ഒടുവില്‍ തന്റെ പ്രായം തെളിയിക്കാന്‍ ലതയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കേണ്ടതായി വന്നു. തുടര്‍ന്ന് 52 വയസുണ്ടെന്ന് ബോധ്യമായശേഷം മാത്രമാണ് അവര്‍ക്ക് സന്നിധാനത്ത് എത്താന്‍ കഴിഞ്ഞത്.

തുടര്‍ന്നു ഭക്തരും പോലീസും ഇവരെ പതിനെട്ടാംപടി കയറാന്‍ സഹായിച്ചു. അതിനിടെ കൂടുതല്‍ യുവതികള്‍ വരാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. ശബരിമല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നട അടക്കുംവരെ നീട്ടി. പ്രതിഷേധക്കാര്‍ ഇപ്പോഴും സന്നിധാനം ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ പോലീസ് ജാഗ്രതയിലാണ്. സന്നിധാനത്തു യുവതികള്‍ വന്നാല്‍ നടയടയ്ക്കുമെന്ന കണ്ഠര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയുടെ ലംഘനമാണെന്നു ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ് പറഞ്ഞു.

അതേസമയം ശബരിമലയില്‍ കൈ പൊള്ളിയ നിലയിലാണു സംസ്ഥാന സര്‍ക്കാരും സിപിഎമ്മും. സന്നിധാനത്തുനിന്നു ശ്രദ്ധ സുപ്രീംകോടതിയിലേക്കു വീണ്ടും മാറുന്നതുവരെ ഒരു പോംവഴി കാണുക എളുപ്പവുമല്ല. സംസ്ഥാന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും തുടര്‍നടപടിയെടുക്കുന്നതിലും സേനയെ വിന്യസിക്കുന്നതിലും പോലീസ് വീഴ്ച വരുത്തി.

സന്നിധാനം വരെ വന്‍സുരക്ഷയില്‍ കൊണ്ടുപോയ രണ്ടു യുവതികളെ അതേ വേഗത്തില്‍ മലയിറക്കേണ്ടി വന്നത് ഏകോപനമില്ലായ്മയുടെ തെളിവായി. ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ പ്രവേശിക്കരുതെന്ന നിലപാട് സിപിഎമ്മിനില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകള്‍ക്കുള്ള സ്ഥലമല്ല ശബരിമലയെന്ന മുന്‍ നിലപാട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുത്തി.

ശബരിമലയുടെ ആചാരസംരക്ഷണത്തിന് ഏതറ്റംവരെയും പോകുമെന്നു എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *