സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാത്തത് മഞ്ചേശ്വരത്ത് ജയിക്കുമെന്ന ഉറപ്പില്ലാത്തത് കൊണ്ട്: കുഞ്ഞാലിക്കുട്ടി

മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ വിജയിക്കുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയിലെ കേസ് പിന്‍വലിക്കാത്തതെന്ന് കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. കേസിന്റെ കാര്യത്തില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ടുകള്‍ നടന്നുവെന്ന് ആരോപിച്ച്‌ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് പല മാര്‍ഗങ്ങളുള്ള കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. ഉത്തരവാദപ്പെട്ടവര്‍ ഈ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ നടത്തിയ പരാമര്‍ശങ്ങളെയും കുഞ്ഞാലിക്കുട്ടി നിശിതമായി വിമര്‍ശിച്ചു. സര്‍ക്കാരിനെ വലിച്ച്‌ താഴെയിടുമെന്ന അമിത് ഷായുടെ പ്രസ്‌താവന പൊങ്ങച്ചമായി കണ്ടാല്‍ മതി. അമിത് ഷായുടെ പരാമര്‍ശം കാര്യമായി എടുക്കേണ്ടെന്ന് കേരളത്തിലെ ബി.ജെ.പിക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *