മലപ്പുറം:അതിവേഗം ബഹുദൂരം എന്നത് ഉമ്മന്‍ചാണ്ടിയുടെ മുദ്രാവാക്യമാണെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്ലീംലീഗ് അത് നടപ്പാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി, സ്ഥാനാര്‍ഥികളുടെ ആദ്യലിസ്റ്റ് മുസ്ലിം ലീഗ് നേതൃതം പ്രഖ്യാപിച്ചു. നിലവിലുള്ള മന്ത്രിമാരെ സിറ്റിംഗ് സീറ്റുകളില്‍ തന്നെ മല്‍സരിപ്പിച്ചും മൂന്നു പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയുമാണ് ഇരുപത് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്നലെ പാണക്കാട് നടന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ അടുത്ത ഘട്ടത്തില്‍ പ്രഖ്യാപിക്കും.
മന്ത്രിമാരായ പി.കെ.കുഞ്ഞാലികുട്ടി, എം.കെ.മുനീര്‍,പി.കെ.അബ്ദുറബ്ബ്,മഞ്ഞളാകുഴി അലി,ടി.വി.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ സിറ്റിംഗ് സീറ്റുകളില്‍ നിന്നു തന്നെ ജനവിധി തേടും.
പുതുമുഖങ്ങളായ ടി.വി.ഇബ്രാഹിം(കൊണ്ടോട്ടി),കെ.കെ.ആബിദ് ഹുസൈന് തങ്ങള്‍ (കോട്ടക്കല്‍),എം.എ.റസാഖ് മാസ്റ്റര്‍(കൊടുവള്ളി) എന്നിവര്‍ക്ക് സീറ്റ് ലഭിച്ചു.സിറ്റിംഗ് എം.എല്‍.എ.മാരായ കെ.മുഹമ്മദുണ്ണി ഹാജി,എം.പി.അബ്ദുസമദ് സമദാനി,കെ.എന്‍.എ.ഖാദര്‍ എന്നിവര്‍ ഇത്തവണ മല്‍സരിക്കുന്നില്ല. ഇതില്‍ കെ.എന്‍.എ.ഖാദറിനെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായി നിയമിക്കും. നിലവിലുള്ള ജനറല്‍ സെക്രട്ടറി പി.അബ്ദുള്‍ഹമീദ് വള്ളികുന്ന് മണ്ഡലത്തില്‍ ജനവിധി തേടും. സിറ്റിംഗ് എം.എല്‍.എ.മാരായ അഡ്വ.എം.ഉമ്മര്‍,കെ.എം.ഷാജി,പി.ബി.അബ്ദുള്‍ റസാഖ്,അഡ്വ.എന്‍.ഷംസുദ്ദീന്,എന്‍.എ.നെല്ലികുന്ന്,ടി.എ.അഹമ്മദ് കബീര്‍,പി.കെ.ബഷീര്‍,അബ്ദുള്‍ റഹ്മാന് രണ്ടത്താണി,സി.മമ്മൂട്ടി എന്നിവര്‍ കഴിഞ്ഞ തവണ വിജയിച്ച സീറ്റുകളില്‍ തന്നെ മല്‍സരിക്കും. കോഴിക്കോട് ജില്ലാ സെക്രട്ടറിയായ എം.എ.റസാഖ് കൊടുവള്ളിയില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ തിരുവമ്പാടി എം.എല്‍.എ ആയ സി.മോയിന്‍കുട്ടിയെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി നിയമിക്കും.
പാര്‍ട്ടിയുടെ നാലു സീറ്റുകളില്‍ കൂടിയാണ് ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്.ഗുരുവായൂര്‍,കുന്നമംഗലം,ഇരവിപുരം,കുറ്റ്യാടി സീറ്റുകളിലെ സ്ഥാനാര്‍ഥി ലിസ്റ്റ് വൈകാതെ പ്രഖ്യാപിക്കും. യുവാക്കള്‍ക്കും ദളിത് വിഭാഗത്തിനും പ്രാതിനിധ്യം നല്കുന്ന കാര്യം അടുത്ത ലിസ്റ്റില്‍ സജീവപരിഗണനയിലുണ്ടാകുമെന്ന് പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു.
ലീഗ് സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും
മലപ്പുറം-പി.ഉബൈദുള്ള
വേങ്ങര-പി.കെ.കുഞ്ഞാലികുട്ടി
കൊണ്ടോട്ടി-ടി.വി.ഇബ്രാഹിം.
തിരൂരങ്ങാടി-പി.കെ.അബ്ദുറബ്ബ്
വള്ളികുന്ന്-പി.അബ്ദുള്‍ ഹമീദ്
മങ്കട-ടി..എ.അഹമ്മദ് കബീര്‍
താനൂര്‍-അബ്ദുറഹ്മാന് രണ്ടത്താണി
തിരൂര്‍-സി.മമ്മൂട്ടി
ഏറനാട്-പി.കെ.ബഷീര്‍
കോട്ടക്കല്‍-കെ.കെ.ആബിദ് ഹുസൈന് തങ്ങള്‍
പെരിന്തല്‍മണ്ണ-മഞ്ഞളാകുഴി അലി
മഞ്ചേരി-അഡ്വ.എം.ഉമ്മര്‍
കൊടുവള്ളി-എം.എ.റസാഖ്
തിരുവമ്പാടി-വി.ഉമ്മര്‍
അഴീക്കോട്-കെ.എം.ഷാജി.
കോഴിക്കോട് സൗത്ത്-എം.കെ.മുനീര്‍
മഞ്ചേശ്വരം-പി.ബി.അബ്ദുള്‍ റസാഖ്.
മണ്ണാര്‍ക്കാട്-എന്‍.ഷംസുദ്ദീന്.
കാസര്‍കോട്-എന്‍.എനെല്ലികുന്ന്
കളമശേരി-വി.കെ.ഇബ്രാഹിംകുഞ്ഞ്.
