മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി യൂത്ത് ലീഗ് വിലപേശാനൊരുങ്ങുന്നു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ജില്ലാ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലുണ്ടായത് ഇതിന്റെ വ്യക്തമായ സൂചന. മലപ്പുറം ജില്ലയില്‍ നിന്നുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്ക് സീറ്റ് വേണമെന്ന് യോഗത്തില്‍ ശക്തമായ വാദമുയര്‍ന്നു. മുസ്്‌ലിം ലീഗ് നേതൃത്വത്തെ ഇക്കാര്യം അറിയിക്കും. മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിന്റെ പിന്തുണയോടെയാണ് ഈ നീക്കമെന്നറിയുന്നു.
ജില്ലയില്‍ നിന്നുള്ള രണ്ട് യൂത്ത് ലീഗ് നേതാക്കള്‍ക്ക് സീറ്റ് നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം. രണ്ടു പേരുകള്‍ മുന്നോട്ടു വച്ചാല്‍ ഒരാളെയെങ്കിലും പാര്‍ട്ടി നേതൃത്വം അംഗീകരിക്കുമെന്നാണ് യൂത്ത് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
യൂത്ത് ലീഗില്‍ നിന്ന് പുതുമുഖങ്ങള്‍ക്ക് ഇത്തവണ അവസരം വേണമെന്ന അഭിപ്രായം സംസ്ഥാന ജനറല്‍ സെക്രട്ടറിക്കുമുണ്ട്. അദ്ദേഹവുമായി ഏറെ അടുപ്പമുള്ള ചിലരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. താന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്ന് കെ.പി.എ.മജീദ് കഴിഞ്ഞ ദിവസം വേങ്ങരയില്‍ പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നീക്കമുണ്ടാകാനിടയുണ്ടെന്നും താന്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ അംഗീകരിപ്പിക്കാനാണ് കെ.പി.എ. മജീദിന്റെ നീക്കമെന്നും മുസ്്‌ലിം ലീഗില്‍ അഭിപ്രായമുണ്ട്.
യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ സമ്മര്‍ദ്ദത്തെ മുസ്്‌ലിം ലീഗ് നേതൃത്വത്തിന് തള്ളിക്കളയാനാകില്ല.മുന്‍കാലങ്ങളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിമാരെ തീരുമാനിക്കുന്നതിലുമെല്ലാം യൂത്ത് ലീഗ് നിര്‍ണായക സമ്മര്‍ദ്ദശക്തിയായിട്ടുണ്ട്.
