രാജസ്ഥാനില്‍ വീണ്ടും രാഹുല്‍ തന്ത്രം,​ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി പാര്‍ലമെന്റ് അംഗവും രാജസ്ഥാനിലെ മുന്‍ പൊലീസ് മേധാവിയുമായിരുന്ന ഹരീഷ് മീന കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്തെ മികച്ച പൊലീസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്ന ഹരീഷ് 2014ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നിലവില്‍ രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ഹരീഷിനെ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും കേന്ദ്രനേതാവുമായ അശോക് ഗെലോട്ട് സ്വാഗതം ചെയ്‌തു.

അതേസമയം,​ രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച നേടാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് വന്‍ തിരിച്ചടിയാണ് ഹരീഷിന്റെ നീക്കം. ഹരീഷിന്റെ സഹോദരന്‍ നമോ നാരായണന്‍ മീനയും കോണ്‍ഗ്രസ് അംഗമാണ്. രാജസ്ഥാനില്‍ ഏറെ സ്വാധീനമുള്ള മീന വംശജരില്‍ പെട്ടയാള്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത് കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. കിഴക്കന്‍ രാജസ്ഥാനിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷമായ മീന വംശജര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും രാഷ്ട്രീയത്തിലും വന്‍ സ്വാധീനമാണുള്ളത്. 2009 മുതല്‍ 2013 വരെ രാജസ്ഥാനിലെ പൊലീസ് മേധാവിയായിരുന്ന ഹരീഷ് സംസ്ഥാനത്ത് ഈ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം അനുഷ്‌ടിച്ചയാളാണെന്ന ബഹുമതിക്കും ഉടമയാണ്.

Leave a Reply

Your email address will not be published. Required fields are marked *