സ്റ്റേഷന്‍ ജാമ്യം അംഗീകരിക്കില്ല; ശബരിമലയില്‍ തിരിച്ച്‌ എത്തിക്കണമെന്ന് ശശികല

പത്തനംതിട്ട: സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്ന പൊലീസ് ഉപാധി അംഗീകരിക്കില്ലെന്ന് പൊലീസിന്റെ കരുതല്‍ തടവിലായ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല. ശബരിമലയില്‍ തിരികെ എത്തിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ വേണമെന്ന ആവശ്യത്തിലുറച്ച്‌ നില്‍ക്കുന്നതായും ശശികല പൊലീസിനെ അറിയിച്ചു. റാന്നി പൊലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ശശികല ഉള്ളത്. സ്റ്റേഷനില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. സ്റ്റേഷനകത്ത് ശശികല ഉപവാസം നടത്തുന്നുണ്ട്.

അതേസമയം, ശശികലയെ തിരികെ ശബരിമലയിലെത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഹര്‍ത്താല്‍ നീട്ടുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് അവരെ മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് വ്യക്തമാക്കിയിട്ടും ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയിച്ചിരുന്നു.

ശശികലയെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ശശികല വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *