ഹ്യൂമേട്ടന്‍ റെഡി, നാളെ പൂനെ ജേഴ്സിയില്‍ ആദ്യ മത്സരം

ഇയാന്‍ ഹ്യൂമിന്റെ തിരിച്ചുവരവിന് നാളെ പൂനെ ബാലെവാദി സ്റ്റേഡിയം വേദിയാകും. പരിക്ക് കാരണം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇയാന്‍ ഹ്യൂം കളത്തില്‍ തിരിച്ചെത്തുന്നത്. ഹ്യൂമിനെ സ്ക്വാഡില്‍ രജിസ്റ്റര്‍ ചെയ്തതായി പൂനെ സിറ്റി ഔദ്യോഗികമായി അറിയിച്ചു. സ്ട്രൈക്കര്‍ അല്‍ഫാരോ എ ടി കെ കൊല്‍ക്കത്തയിലേക്ക് പോയ ഒഴിവിലാണ് ഹ്യൂം ടീമിലേക്ക് വന്നിരിക്കുന്നത്.

പരിക്ക് കാരണം കഴിഞ്ഞ ഐ എസ് എല്‍ സീസണ്‍ അവസാനം മുതല്‍ പുറത്തായ ഇയാന്‍ ഹ്യൂം പൂനെ സിറ്റിക്ക് ഒപ്പം നേരത്തെ ചേര്‍ന്നിരുന്നു എങ്കിലും ഇതുവരെ പൂനെയുടെ സ്ക്വാഡില്‍ എത്താന്‍ ആയിരുന്നില്ല. ഹ്യൂം ഫിറ്റ്നെസ് തെളിയിച്ചതോടെ അല്‍ഫാരോയെ മാറ്റി ഹ്യൂമിന്‍ വഴിയൊരുക്കുകയായിരുന്നു പൂനെ.

ഐ എസ് എല്ലിലെ എക്കാലത്തെയും ടോപ്പ് സ്കോറര്‍ ആണ് ഇയാന്‍ ഹ്യൂം. കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ ഹ്യൂമിന് പരിക്ക് കാരണം സീസണില്‍ നിരവധി മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. രണ്ട് സീസണുകളിലായി കേരളത്തിനായി 10 ഗോളുകള്‍ ഇയാന്‍ ഹ്യൂം നേടിയിട്ടുണ്ട്. കേരളം വിട്ടു എങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയ താരനായ ഹ്യൂമേട്ടന്‍ പൂനെ ജേഴ്സിയിലും തിളങ്ങണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

സീസണില്‍ ഇതുവരെ ഒരു ജയം വരെ ഇല്ലാതെ നില്‍ക്കുന്ന പൂനെയുടെ അവസാന പ്രതീക്ഷയാണ് ഹ്യൂം. നാളെ ജംഷദ്പൂരിനെതിരെ ഹ്യൂം ഇറങ്ങുമ്ബോള്‍ തങ്ങളുടെ ആദ്യ ജയവും ഒപ്പം വരുമെന്ന് ടീം കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *