ഗജ ചുഴലിക്കാറ്റ്: തമിഴ് നാട്ടില്‍ തകരാറിലായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ പുറപ്പെട്ട കെഎസ്‌ഇബി തൊഴിലാളികളെ അഭിനന്ദിച്ച്‌ മന്ത്രി എം എം മണി

തിരുവനന്തപുരം: തമിഴ് നാട്ടില്‍ ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തകരാറിലായ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ പുറപ്പെട്ട കെഎസ്‌ഇബി തൊഴിലാളികളെ അഭിനന്ദിച്ച്‌ വൈദ്യുതി മന്ത്രി എം എം മണി. തമിഴ് നാട്ടില്‍ ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം പാടെ തകരാറിലായി. ഈ ദുരന്താവസ്ഥയില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കുവാന്‍ 400 -ല്‍പ്പരം പേരടങ്ങുന്ന ഒരു സംഘം കെ.എസ്.ഇ.ബി.യില്‍ നിന്നും തമിഴ് നാട്ടിലേക്ക് പോയി. ഓഫീസര്‍മാരും തൊഴിലാളികളും മറ്റും ഉള്‍പ്പെടുന്ന ഈ സംഘം അവശ്യം വേണ്ട യന്ത്ര സാമഗ്രികളുമായി ഇപ്പോഴും അവിടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുവാനുള്ള പരിശ്രമത്തിലാണെന്ന് മന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ നമ്മുടെ അയല്‍ സംസ്ഥാനത്തെ സഹായിക്കാന്‍ സന്നദ്ധത കാണിച്ച എല്ലാപേര്‍ക്കും അഭിനന്ദനങ്ങള്‍. കേരളത്തില്‍ ഇതുപോലെ ഒരവസ്ഥ ഉണ്ടായപ്പോള്‍ തമിഴ് നാട്ടില്‍ നിന്നും നമുക്ക് ഇത്തരത്തില്‍ സഹായം ലഭിച്ചിരുന്ന കാര്യം ഈ അവസരത്തില്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *