ന്യൂഡല്‍ഹി: ടി20 ലോകകപ്പ് സെമിയില്‍ തോല്‍വി പിണഞ്ഞതോടെ ഇന്ത്യന്‍ വനിതാ ടീമില്‍ പൊട്ടിത്തെറി. ക്യാപ്റ്റന്‍ ഹെര്‍മന്‍ പ്രീത് കൗറിനെ രൂക്ഷമായ ഭാഷയില്‍ ആക്ഷേപിച്ച് സൂപ്പര്‍താരം മിതാലി രാജിന്റെ മാനേജര്‍ രംഗത്തെത്തി. ഹെര്‍മന്‍ പ്രീത് കഴിവുകെട്ടവളും കൗശലക്കാരിയും കള്ളംപറയുന്നവളും പക്വതയില്ലാത്തവളും യോഗ്യതയില്ലാത്ത ആളുമാണെന്ന് മിതാലിയുടെ മാനേജര്‍ അനീഷാ ഗുപ്ത പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അനീഷയുടെ ശരവര്‍ഷം.
ലോകകപ്പ് സെമിയില്‍ മിതാലിയെ പുറത്തിരുത്തിയതാണ് അനീഷയെ ചൊടുപ്പിച്ചത്. ഇന്ത്യന്‍ വനിതാ ടീമില്‍ പൊളിറ്റിക്സിലാണ് വിശ്വസിക്കുന്നത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ മിതാലിയുടെ അനുഭവപരിചയം എന്താണെന്ന് കണ്ടതാണ്. മിതാലി ടീമില്‍നിന്ന് ഒഴുവാക്കപ്പെട്ടത് ഞെട്ടിച്ചെന്നും അനീഷ പറഞ്ഞു.
വിമര്‍ശനം സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴും അനീഷ പറഞ്ഞതില്‍ ഉറച്ചുനിന്നു. ടീമിനുള്ളില്‍ നടക്കുന്നതെന്താണെന്ന് അറിയില്ല. എന്നാല്‍ മത്സരം എല്ലാവരും കണ്ടതാണല്ലോ? ആരാണ് മികച്ച പ്രകടനം നടത്തിയതെന്നും നടത്താതിരുന്നതെന്നും നമ്മള് കണ്ടു- അനീഷ പറഞ്ഞു. തുടക്കക്കാര്‍ക്ക് അവസരം നല്‍കുന്നത് ഇംഗ്ലണ്ടിനെപ്പോലൊരു ടീമിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ അനുഭവസമ്ബത്തുള്ള താരത്തെ ഒഴിവാക്കിയാവരുതെന്നും അനീഷ കൂട്ടിച്ചേര്‍ത്തു.
സെമിയില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ഇംഗ്ലണ്ട് തറപറ്റിച്ചത്. മികച്ച തുടക്കമിട്ടു പെട്ടെന്നു തകര്‍ന്നടിഞ്ഞ ഇന്ത്യയെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് അനായാസം മറികടന്നത്. നിശ്ചിത 20 ഓവര്‍ പോലും ബാറ്റ് ചെയ്യാതെ 19.3 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. 13.5 ഓവറില്‍ രണ്ടിന് 89 എന്ന ഭേദപ്പെട്ട സ്കോറില്‍ നിന്നായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച. മധ്യനിരയും വാലറ്റവും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. പരിചയസമ്ബ ന്നയായ മിതാലിയുടെ അഭാവവും തിരിച്ചടിയായി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 17.1 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 116 റണ്‍സ് നേടി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.
