മതസ്പര്‍ദ്ധയുണ്ടാക്കുന്ന പോസ്റ്റിട്ടു; രഹന ഫാത്തിമ അറസ്റ്റില്‍

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉച്ചയോടെ കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.

രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രഹനയെ പത്തനംതിട്ടയിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രഹന ഫാത്തിമ ശബരിമലയിലെത്താന്‍ ശ്രമിച്ചത് വലിയ വിവാദത്തിന് തിരിക്കൊളുത്തിയിരുന്നു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്‌ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.

ഒരാഴ്ച മുമ്ബാണ് രഹന ഫാത്തിമയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് വൈകുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *