കോഴിക്കോട്: മതസംഘടനകളുടെ നിരന്തര പ്രതിഷേധത്തെത്തുടര്‍ന്ന് കിത്താബ് നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ചു. നാടകം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് കൊണ്ട് നിരവധി സംഘടനകളാണ് രംഗത്ത് വന്നിരുന്നത്.നാടക രംഗങ്ങള്‍ പരിശോധിച്ചോള്‍ ഒരു പ്രത്യേക മതത്തെ മോശപ്പെടുത്തുന്ന സംഭാഷണങ്ങള്‍ ഉള്ളത് കൊണ്ടാണ് നാടകം പിന്‍വലിച്ചതെന്ന് പ്രിന്‍സിപ്പാള്‍ കേരള കൗമുദിയോട് പറഞ്ഞു. പ്രതിഷേധം ഭയന്നല്ല പിന്മാറ്റം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം നേടിയ നാടകമാണ് ‘കിത്താബ്’. പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്കാരമാണിത്. ഒരു മുക്രിയുടെ മകള്‍ ‘വാങ്ക്’ വിളിക്കാന്‍ ആഗ്രഹിക്കുന്നതാണ് നാടകത്തിന്റ ഇതിവൃത്തം.ഇസ്ലാം മതത്തിലെ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്ന നാടകം ഇസ്ളാം വിരുദ്ധതയാണ് ചൂണ്ടിക്കാട്ടുവെന്നാണ് മത സംഘടനകള്‍ പറയുന്നത്.
പള്ളിയില്‍ കയറി ബാങ്ക് വിളിക്കാനാഗ്രഹിച്ച പെണ്‍കുട്ടിയുടെ കഥ അവതരിപ്പിച്ചത് ഇസ്ലാമിക വിശ്വാസത്തെ അപമാനിക്കാനാണെന്ന വാദമുയര്‍ത്തിയാണ് ഇസ്ലാമികസംഘടനകള്‍ നാടകത്തിനെതിരെ വാളോങ്ങിയത്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുതിയ നാടകം അവതരിപ്പിക്കുന്നില്ലെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.
