മലപ്പുറം: കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട് കൊലപ്പെടുത്തി മുങ്ങിയ ബൈക്ക് യാത്രക്കാരനായ യുവാവ് പിടിയില്‍. കാല്‍നട യാത്രക്കാരന്‍ അജ്ഞാത വാഹനമിടിച്ചു മരിച്ച സംഭവത്തിലാണ് ബൈക്ക് യാത്രികനായ അച്ചനമ്ബലം സ്വദേശി പുള്ളാട്ട് നവാസിനെ (24 ) പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്ബതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുറ്റൂര്‍ പാക്കടപുറായ പരേതനായ പാലമഠത്തില്‍ പുതുപ്പറമ്ബില്‍ അഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ അഹമ്മദ് ബഷീര്‍(61) നെ എയര്‍പോര്‍ട്ട് റോഡില്‍ കൊളപ്പുറത്തിനും എ. ആര്‍. നഗറിനുമിടയില്‍ വെച്ച് വാഹനം ഇടിച്ചു തെറിപ്പിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഉടനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ച ബഷീര്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മരണപ്പെടുകയായിരുന്നു..
എന്നാല്‍ ഇടിച്ചിട്ട വാഹനം ഏതെന്നു അറിഞ്ഞിരുന്നില്ലെങ്കിലും തൊട്ടടുത്തായി കാണപ്പെട്ട ഒരു ബൈക്കിനെ ചുറ്റിപ്പറ്റി നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് നടത്തിയ അന്വേഷണത്തില്‍ അച്ചനമ്ബലം സ്വദേശി നവാസ് ഓടിച്ചിരുന്ന ബൈക്കാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതെന്നും ബഷീറിനെ ഇടിച്ചു തെറിപ്പിച്ചത് ഇതേ വാഹനമാണെന്നും പോലീസ് കണ്ടെത്തി. തിരുരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത നവാസിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
