ശബരിമലയിലെ വിഷയത്തിലെ സമരത്തില്‍ നിന്ന് ബി.ജെ.പി പിന്‍വാങ്ങിയതില്‍ ആര്.എസ്.എസ് നേതൃത്വത്തിന് അതൃപ്തിയെന്ന് സൂചന. ശബരിമല സമരത്തിന് ആര്.എസ്.എസ് നല്കിയ നിര്‍ദ്ദേശങ്ങള്‍ ബി.ജെ.പി നേതാക്കള്‍ അട്ടിമറിക്കുകയാണ് ചെയ്തത്. ശബരിമല കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ ബി.ജെ.പി പ്രസിഡന്റിന് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ സമയമുള്ളൂവെന്നും ആര്.എസ്.എസ് നേതൃത്വത്തിന് പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ആര്.എസ്.എസ് നേതാക്കള്‍ സൂചന നല്കി. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മാസപൂജ, ചിത്തിര ആട്ടവിശേഷ സമയത്ത് സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ബി.ജെ.പി – ആര്.എസ്.എസ് നേതൃത്വം കെ.സുരേന്ദ്രന്റെ അറസ്റ്റോടെ പിന്നോട്ട് പോയെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ആക്ഷേപമുണ്ട്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ ബി.ജെ.പി സുരേന്ദ്രന്റെ അറസ്റ്റില്‍ കാര്യമായ പ്രതിഷേധം നടത്തിയില്ലെന്ന പരാതി മിക്ക പ്രവര്‍ത്തകരും ഉയര്‍ത്തുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച ആക്ഷേപവുമായി നിരവധി പേര് രംഗത്തെത്തുന്നുണ്ട്. ഇതിനിടയിലാണ് ശബരിമല സമരത്തില്‍ നിന്നും ബി.ജെ.പി പിന്മാറുന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ശബരിമല സമരത്തില്‍ നിന്നും ബി.ജെ.പി പിന്നോട്ടില്ലെന്നും സമരം വ്യാപിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ശ്രീധരന്‍പിള്ള വ്യക്തമാക്കിയത്.
