നിരോധനാജ്ഞ ലംഘിക്കാന്‍ നിലയ്ക്കലിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട: നിലയ്ക്കലില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തെയാണ് പോലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ പെരുംപുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബിജെപി സംഘം നിരോധനാജ്ഞ ലംഘിക്കാനെത്തുമെന്ന വാര്‍ത്തകളെത്തുടര്‍ന്ന് നിലയ്ക്കലിലും പരിസര പ്രദേശത്തും വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. എസ്പി മജ്ഞുനാഥ് നേരത്തെ ഇവിടെയെത്തി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അറസ്റ്റുകൊണ്ടൊന്നും തങ്ങളെ ഭയപ്പെടുത്താനാവില്ലെന്ന് അറസ്റ്റിലായ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. വരുദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലിലെത്തുമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *