പി.കെ നായര്‍ ഗുരുതുല്യമായ വ്യക്തിത്വം

തിരൂര്‍: ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ഒറ്റപ്പെട്ട വ്യക്തിത്വമായിരുന്നു നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ സ്ഥാപകനും ഡയറക്ടറുമായിരുന്ന പി.കെ നായര്‍ എന്ന് ചലച്ചിത്ര നിരൂപകനും ഗ്രന്ഥകാരനുമായ മധു ഇറവങ്കര അനുസ്മരിച്ചു. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന് അടിസ്ഥാനമിട്ട അദ്ദേഹം മഹത്തായ സാംസ്‌കാരിക പ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു. 123 ചിത്രങ്ങളുടെ പ്രിന്റുകളുമായി ആര്‍ക്കൈവ്‌സ് ആരംഭിച്ച് 12000 ചിത്രങ്ങളുമായി പടിയിറങ്ങിയ അദ്ദേഹം ചരിത്രത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നുവെന്നും മലയാളസര്‍വകലാശാലയില്‍ പി.കെ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് മധു പറഞ്ഞു.

ഇന്ത്യന്‍ ചലച്ചിത്രലോകം ഗുരുതുല്യനായി കണ്ട വ്യക്തിയായിരുന്നു പി.കെ. നായര്‍. ചലച്ചിത്ര പഠന ഗവേഷണങ്ങള്‍ക്ക് അടിത്തറയുണ്ടാക്കിയതോടൊപ്പം കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്തതും അദ്ദേഹമായിരുന്നു. ഫിലിം പ്രിന്റുകള്‍ മാത്രമല്ല പഴയകാല ചിത്രങ്ങളുടെ പോസ്റ്ററടക്കമുള്ള ചലച്ചിത്ര സാമഗ്രികളും അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു. ഇന്ത്യയിലെ മഹാന്മാരായ ചലച്ചിത്ര പ്രതിഭകളെ രൂപപ്പെടുത്തുന്നതിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചു. കേരളീയ ചലച്ചിത്ര രംഗത്തെ ക്രിയാത്മകമാക്കി. പുരസ്‌കാരങ്ങള്‍ അധികം തേടിയെത്തിയിട്ടില്ലാത്ത മഹാനായ ചലച്ചിത്ര പ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്നും മധു തുടര്‍ന്നു പറഞ്ഞു. രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍ അദ്ധ്യക്ഷനായിരുന്നു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി പി.എസ്. സുധരേശന്‍ സ്വാഗതം ആശംസിച്ചു.

പ്രബന്ധരചനാ ശില്‍പശാല

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ സാമൂഹ്യശാസ്ത്രപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പ്രബന്ധരചനാ ശില്‍പശാല തുടങ്ങി. ചിത്രശാല ഓഡിറ്റോറിയത്തില്‍ കേരളസര്‍വകലാശാല ഇന്‍ഫര്‍മേഷന്‍ ആന്റ് ലൈബ്രറി സയന്‍സ് വിഭാഗം മേധാവി ഡോ. കെ.പി. വിജയകുമാര്‍, സോഷ്യോളജി വകുപ്പ് മേധാവി ഡോ. ജോണി സി. ജോസഫ്, ലൈബ്രറി കണ്‍സള്‍ട്ടന്റ് പി. ജയരാജന്‍, അസി. പ്രൊഫ. കെ.എ. താജുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. അക്കാദമിക് റൈറ്റിംങ്, പോപുലര്‍ റൈറ്റിംങ്, പ്രബന്ധരചന, ഗവേഷണ രീതിശാസ്ത്രം എന്നീ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രണ്ടാം ദിവസമായ ഇന്ന് (16.03.16) ഡോ. ദിനേശന്‍ കൂവക്കായ്, ഡോ. അബ്ദുള്‍ അസീസ് (കാലിക്കറ്റ് സര്‍വകലാശാല) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഭാഷാടെക്‌നോളജി കേന്ദ്രം:
പ്രവര്‍ത്തനരേഖ അംഗീകരിച്ചു

മലയാളസര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന ഭാഷാടെക്‌നോളജി കേന്ദ്രത്തിന്റെ സാങ്കേതിക ഉപദേശക സമിതി ഡോ. വി.ആര്‍. പ്രബോധ ചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ പ്രഥമയോഗം ചേര്‍ന്ന് പ്രവര്‍ത്തനരേഖ അംഗീകരിച്ചു. ഡോ. ടി.ബി. വേണുഗോപാലപണിക്കര്‍, ഡോ. എം. ശ്രീനാഥന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ഡോ. പി.എല്‍. ലജീഷ്, ഡോ. എല്‍. ശോഭ (അണ്ണാ യൂണിവേഴ്‌സിറ്റി), പ്രൊഫ. എലിസബത്ത് ഷെര്‍ളി (ഐ.ഐ.ഐ.ടി.എം.കെ), കെ.വി. ഇസ്ഹാക് (ഐ.ടി വിഷന്‍), വി. ജയന്‍ (സി-ഡാക്ക്) ഡോ. സി. സെയ്തലവി, ഡോ. സ്മിത. കെ. നായര്‍, പി. വിവേക് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *