ഏപ്രില്‍ 19 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 19വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റ് മുഖേനയാണ് (രലീ.സലൃമഹമ.ഴീ്.ശി) അപേക്ഷ സമര്‍പ്പിക്കേണ്ടത്. വോട്ടര്‍മാര്‍ക്ക് നേരിട്ടോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ നല്‍കാം. വെബ്‌സൈറ്റിന്റെ ഹോം പേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ആദ്യ സ്‌ക്രീന്‍ തെളിയും. തുടര്‍ന്ന് മൂന്ന് ഘട്ടങ്ങളായി വോട്ടറുടെ വിവരങ്ങള്‍ നല്‍കാം. അപേക്ഷ സേവ് ചെയ്യുമ്പോള്‍ അപേക്ഷയുടെ നമ്പര്‍, ബി എല്‍ ഒ യുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സ്‌ക്രീനില്‍ തെളിയും. ഇവ ഭാവിയിലേക്കുള്ള റഫറന്‍സിനായി സൂക്ഷിക്കണം. അപേക്ഷയില്‍ ചുവന്ന നക്ഷത്ര ചിഹ്നങ്ങളിട്ടുള്ള കോളങ്ങള്‍ നിര്‍ബന്ധമായും പൂരിപ്പിക്കണം. മൂന്നാമത്തെ ഘട്ടത്തില്‍ അപേക്ഷകന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഫോട്ടോ ചേര്‍ക്കണമെന്ന് നിര്‍ബന്ധമില്ല. അപേക്ഷയില്‍ മലയാളത്തില്‍ വിവരങ്ങള്‍ ചേര്‍ക്കേണ്ട സ്ഥലങ്ങളില്‍ വെബ്‌പേജില്‍ തന്നെ അതത് കോളത്തിന് വലത് വശത്തായി വെര്‍ച്വല്‍ കീ ബോര്‍ഡ് കാണാം ഇതിലൂടെ മലയാളത്തില്‍ വിവരങ്ങള്‍ നല്‍കാം. വെബ്‌സൈറ്റിലെ ഹോം പേജില്‍ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2015 ലിസ്റ്റ് ഓഫ് ആപ്ലിക്കേഷന്‍സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ അപേക്ഷ കാണുന്നതിനും പകര്‍പ്പ് പ്രിന്റ് ചെയ്യുന്നതിനും അപേക്ഷയുടെ സ്ഥിതി അറിയുന്നതിനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *