പശുഹത്യയുടെ പേരില്‍ ദേശരക്ഷാ നിയമം; മധ്യപ്രദേശ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടപടി അപലപനീയം: മുഹമ്മദ‌് റിയാസ‌്

കോഴിക്കോട‌്> പശുവിനെ കശാപ്പ‌് ചെയ‌്തതിന്റെ പേരില്‍ മൂന്നുപേര്‍ക്കെതിരെ ദേശരക്ഷാ നിയമമുപയോഗിച്ച‌് കേസെടുത്ത മധ്യപ്രദേശിലെ കോണ്‍ഗ്രസ‌് സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന‌് ഡിവൈഎഫ‌്‌ഐ അഖിലേന്ത്യാ പ്രസിഡന്റ‌് അഡ്വ. പി എ മുഹമ്മദ‌് റിയാസ‌് പ്രസ‌്താവനയില്‍ പറഞ്ഞു .

മധ്യപ്രദേശിലെ ഖണ്ഡ‌്‌വക്കടുത്താണ‌് സംഭവം. ഗോ വധത്തിന‌് ദേശരക്ഷാ നിയമം പ്രയോഗിക്കുന്ന ബിജെപി സര്‍ക്കാരുകളുടെ പാതയിലാണ‌് കോണ്‍ഗ്രസ‌് സര്‍ക്കാരും. ബിജെപി വിരുദ്ധ വോട്ട‌് നേടി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ‌് മൃദു ഹിന്ദുത്വമാണ‌് പിന്തുടരുന്നത‌്. സര്‍ക്കാര്‍ മാറിയെങ്കിലും ഇരുവരും പിന്തുടരുന്ന നയം ഒന്നുതന്നെയാണ‌്

മത ന്യൂനപക്ഷങ്ങളും മതനിരപേക്ഷ വാദികളും കോണ്‍ഗ്രസ‌് സര്‍ക്കാരിന്റെ നടപടി മൂലം അരക്ഷിതരാണ‌്. മധ്യപ്രദേശ‌് നിയമസഭയില്‍ ഒരു ഇടതുപക്ഷ അംഗം ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ ശബ്ദിക്കുമായിരുന്നു. എണ്ണം എത്രയെന്നതല്ല, നിലപാടുകളാണ‌് ഇടതുപക്ഷത്തെ വേറിട്ടതാക്കുന്നത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കേണ്ടത‌് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഹമ്മദ‌് റിയാസ‌് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *