ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെത്തിയ അര്‍ജന്റൈന്‍ പ്രസിഡന്റ് മൗറീഷ്യോ മക്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പുല്‍വാമയിലെ ആക്രമണത്തോടെ ഭീകരവാദം ചെറുക്കാന്‍ നടത്തിയിരുന്ന ചര്‍ച്ചകളുടെ സമയം അവസാനിച്ചു. ഇനി നടപടിക്കുള്ള സമയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ് ഇതെന്നും സിആര്‍പിഎഫ് സൈനികരുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്നതായും മൗറീഷ്യോ മക്രിയും പറഞ്ഞു.
ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിവര സാങ്കേതികം, കാര്‍ഷികം, ആണവോര്‍ജം എന്നി മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും തീരുമാനമായി.
