സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ കടത്താന്‍ ശ്രമം; മലയാളി പിടിയില്‍

മംഗളൂരു: സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നു. സ്വര്‍ണം കടത്താന്‍ പുതുവഴി തേടുകയാണ് കള്ളക്കടത്തുകാര്‍. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഗര്‍ഭനിരോധന ഉറയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് അറസ്്റ്റിലായി. കാസര്‍കോട് സ്വദേശിയാണ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്. കാസര്‍കോട് പട്‌ള സ്വദേശി മുതലപ്പാറ കമാലുദ്ദീന്‍ അബ്ദുല്ല (21)യെയാണ് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളില്‍ നിന്നും 304.92 ഗ്രാം സ്വര്‍ണപ്പേസ്റ്റ് പിടികൂടി.

സ്വര്‍ണപ്പേസ്റ്റ് 115 ഗ്രാം വീതം വരുന്ന നാലു പാക്കറ്റുകളാക്കി ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണ്ണം രാസവസ്തുക്കള്‍ ചേര്‍ത്ത് ഓക്സൈഡ് രൂപത്തിലാക്കിയായിരുന്നു കടത്താന്‍ശ്രമം. പേസ്റ്റ് സംസ്‌കരിച്ചപ്പോള്‍ 304.920 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് 10,30,630 രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.45 മണിക്ക് ദുബായിയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ മംഗളൂരുവിലെത്തിയതായിരുന്നു കമാലുദ്ദീന്‍. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുറ്റം സമ്മതിക്കുകയും സ്വര്‍ണപ്പേസ്റ്റ് നിറച്ച പാക്കറ്റുകള്‍ പുറത്തെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *