ഉമാരിയ: തെരഞ്ഞെടുപ്പല്ല, ദേശസുരക്ഷയാണ് ബിജെപിക്ക് പ്രധാനമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. മധ്യപ്രദേശില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യോമസേന നടത്തിയ ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ചെന്നു കുറ്റപ്പെടുത്തി അമിത് ഷാ പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചു.
പാക്കിസ്ഥാനടക്കം എല്ലാവരും ഖൈബര്‍ പക്തൂണ്‍ക്വയിലെ ബാലക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നു വിശ്വസിക്കുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയും മമത ബാനര്‍ജിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ വ്യോമാക്രമണം നടത്തിയോ എന്നതു സംബന്ധിച്ചു സംശയങ്ങള്‍ ഉന്നയിക്കുകയാണ്- അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന് വളരെ ദുര്‍ഘടമായ സാഹചര്യങ്ങളിലൂടെയാണു കടന്നുപോയതെന്നും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അവര്‍ക്ക് സന്തോഷിക്കാന്‍ വഴിനല്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖം വെളിപ്പെടുത്തിയ മോദിക്ക് അമിത് ഷാ നന്ദി പറഞ്ഞു.
