കോട്ടയത്ത് വി എന്‍ വാസവന്‍ ; പത്തനംതിട്ടയില്‍ വീണ ജോര്‍ജ് ; പുതു നിര്‍ദേശങ്ങളുമായി മണ്ഡലം കമ്മിറ്റികള്‍

 ജനതാദള്‍ എസിന്റെ പക്കല്‍ നിന്ന് സിപിഎം ഏറ്റെടുത്ത കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അനിശ്ചിത്വം തുടരുന്നു. ഇന്ന് ചേര്‍ന്ന ലോക്സഭാ മണ്ഡലം കമ്മിറ്റി നേരത്തെ ഉയര്‍ന്നുകേട്ട ഡോ. സിന്ധുമോള്‍ ജേക്കബിന്റെ പേര് തള്ളി. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്റെ പേരാണ് ലോക്സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത്.

മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്‍റെ വാദം കമ്മിറ്റി അംഗീകരിച്ചില്ല. വിജയസാധ്യത വാസവന് ആണെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. വാസവന്റെ പേര് മാത്രമാണ് മണ്ഡലം കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിന് കൈമാറിയിട്ടുള്ളത്.

പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജിന്റെ പേരാണ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. ഇവിടെ രാജു എബ്രാഹം എംഎല്‍എ അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ടിരുന്നു. വടകരയില്‍ പി. ജയരാജനെ സിപിഎം സ്ഥാനാര്‍ത്ഥിയായി ലോക്സഭാ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു. ആലപ്പുഴ മണ്ഡലം കമ്മിറ്റി നിദേശിച്ചത് എ.എം. ആരിഫ് എംഎല്‍എയാണ്. കോഴിക്കോട് എ പ്രദീപ് കുമാര്‍ എംഎല്‍എയെയും നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനസെക്രട്ടേറിയറ്റ് തയാറാക്കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടിക സിപിഎമ്മിന്റെ 16 ലോക്സഭാ മണ്ഡലം കമ്മിറ്റികളും പരി​ഗണിക്കുകയാണ്. ഈ യോഗങ്ങളിലുയരുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാളെ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *