വേനല്‍ ചൂടില്‍ മിണ്ടാപ്രാണികള്‍ക്കും അല്പം ദാഹജലം നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വേനല്‍ ചൂടില്‍ മിണ്ടാപ്രാണികള്‍ക്കും ദാഹജലം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. 
വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണെന്ന് അദ്ദേഹം പറയുന്നു.ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഇടയാക്കുമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. പക്ഷികളും മൃഗങ്ങളുമെല്ലാം കനത്ത ചൂടിനെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. നാം നമ്മുടെ സഹജീവികളേയും പരിഗണിക്കേണ്ട സമയമാണിത്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം കരുതിവെക്കുന്നത് പക്ഷിമൃഗാദികള്‍ക്ക് ഗുണം ചെയ്യും. ദാഹിച്ചെത്തുന്നവര്‍ക്ക് അത് വലിയ ആശ്വാസമാകും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവന്‍ സംരക്ഷിക്കാന്‍ ഇടയാക്കും.

കാട്ടില്‍ അധിവസിക്കുന്ന പക്ഷിമൃഗാദികള്‍ക്ക് വെള്ളം എത്തിക്കാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. താല്‍ക്കാലിക കുളങ്ങളും മറ്റും ഉണ്ടാക്കി അവിടെ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ചൂട് കൂടുന്നതനുസരിച്ച്‌ കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. അക്കാര്യത്തില്‍ ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *