കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിന് അടിയില്‍ പെട്ട് തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രത്തിന് അടിയില്‍ പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കുവൈത്ത് എയര്‍വേഴ്‌സിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി ആനന്ദ് രാമചന്ദ്രന്‍(34) ആണ് മരിച്ചത്. കുവൈത്ത് എയര്‍വേഴ്‌സിന്റെ സാങ്കേതിക വിഭാഗം ജീവനക്കാരനാണ് മരിച്ച ആനന്ദ്.

തിങ്കളാഴ്‌ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ നിന്നും ബോയിംഗ് 773 – 300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിന് സമീപമുണ്ടായിരുന്ന ആനന്ദിന്റെ ശരീരത്തിലൂടെ ടയറുകള്‍ കയറിയിറങ്ങിയെന്നാണ് വിവരം. സംഭവസ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചു. അപകടസമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ മറ്റ് ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് വിമാനക്കമ്ബനി അറിയിച്ചു.

തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദ വിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്‌മിയുടെയും മകനാണ്. ഭാര്യ സോഫിന. ഏക മകള്‍: നൈനിക ആനന്ദ്. ഇവര്‍ കുവൈത്തിലുണ്ട്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ കുടംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *