പ്രവാസികള്‍ക്ക് പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിയുമായി സൗദി

റിയാദ്: പ്രവാസികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തിലുള്ള പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സൗദി മന്ത്രി സഭയുടെ അംഗീകാരമായി. പ്രത്യേക ആനുകൂല്യങ്ങളുള്ള പുതിയ തരം ഇഖാമ അഥവാ താമസ രേഖക്കായി പുതിയ കേന്ദ്രം സ്ഥാപിക്കും. ഈ കേന്ദ്രമാകും പ്രത്യേക ഇഖാമകള്‍ക്കുള്ള ഫീസടക്കം നിശ്ചയിക്കുക.സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.

പുതിയ പദ്ധതി നടപ്പാക്കാന്‍ പ്രിവിലേജ്ഡ് ഇഖാമ സെന്റര്‍ സ്ഥാപിക്കും. യൂറോപ്യന്‍ രീതിയിലുള്ള ഗ്രീന്‍ കാര്‍ഡിന് സമാനമാണ് പുതിയ തരം ഇഖാമകളുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. ഇഖാമ നല്‍കുന്നതിനുള്ള നിബന്ധനകള്‍, സാമ്ബത്തിക നില പരിശോധിക്കല്‍, ഇഖാമക്ക് ഈടാക്കേണ്ട ഫീസ് എന്നിവ ഇഖാമ സെന്റര്‍ തീരുമാനിക്കും.

മന്ത്രിസഭ രൂപീകരിച്ച പ്രത്യേക ഉപസമിതിയുമായി കൂടിയാലോചിച്ചാണ് കേന്ദ്രം പദ്ധതി നടപ്പാക്കുക. ശൂറ കൗണ്‍സിലും പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. വിദേശ നിക്ഷേപകരേയും വ്യവസായ പ്രമുഖരേയും ലക്ഷ്യം വെച്ചാണ് പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *